വത്തിക്കാൻ സിറ്റി: അടുത്തെങ്ങും ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പോലുമില്ല . വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ വരാന്തയിൽ രണ്ട് സാധാരണ ഇരുമ്പ് കസേര വലിച്ചിട്ട് അവർ ഇരുന്നു. മുന്നോട്ടാഞിരുന്ന് പരസ്പരം മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ അവർ 15 മിനിട്ടിലധികം സംസാരിച്ചത് എന്തിനെപ്പറ്റിയാകും എന്ന് അറിയാൻ സാകൂതം കാത്തിരിക്കുകയാണ് ലോകം. ആ ഇരുന്ന് സംസാരിച്ച രണ്ടു പേരും പൂരപ്പറമ്പിൽ കുടമാറ്റം കാണാനെത്തിയപ്പോൾ ഒരു കുമ്പിൾ കപ്പലണ്ടിയും വാങ്ങി കൊറിച്ചിരുന്ന ഒസേപ്പുണ്ണിയും രാമൻകുട്ടിയുമല്ല. ഒരാൾ ട്രംപാണ്. സാക്ഷാൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മറ്റേയാളും മോശമല്ല. റഷ്യയെ വിറപ്പിച്ചു പ്രതിരോധിച്ച് പോരാടുന്ന പുലിയാണ്, - സെലൻസ്കി. അതായത് ഉക്രയിൻ പ്രസിഡൻ്റ് വ്ളാഡ്മിർ സെലൻസ്കി. ശനിയാഴ്ച ഉച്ചയോടെ ഇറ്റലിയിലെ റോമിൽ വത്തിക്കാൻ സിറ്റിയിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ വരാന്തയാണ് സ്ഥലം. സമാധാനത്തിൻ്റെയും കരുണയുടെയും പ്രതിപുരുഷനെന്ന് ലോകം ബഹുമാനിക്കുന്ന മഹാനായ പോപ് ഫ്രാൻസിസ്കോയുടെ സംസ്കാര കർമങ്ങളിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതാണ് ഇരുവരും. രണ്ടു മണിക്കൂറിൽ അധികം നീണ്ട സംസ്കാ ശുശ്രുഷകൾ കഴിഞ്ഞ് ജനം പിരിഞ്ഞു പോയി തുടങ്ങിയിരുന്നു, 130 രാജ്യങ്ങളുടെ തലവൻമാരും പ്രതിനിധികളും പങ്കെടുത്ത ചടങ്ങ് അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നടത്തിയത്. ചടങ്ങ് കഴിഞ്ഞ് എല്ലാവരും ചത്വരം വിട്ട് പോകുന്നതിനിടയിലാണ് ആരുടെയും ശ്രദ്ധയിൽ പെടാതെ ഇരുവരും വലിയ പള്ളിയുടെ തിണ്ണയിൽ രണ്ട് കസേരകൾ വലിച്ചിട്ട് രഹസ്യസംഭാഷണം നടത്തിയത്. ക്യാമറക്കണ്ണുകൾ സാന്ത മരിയ മേജർ ബസിലിക്കയിലേക്ക് പാപ്പാ ഫ്രാൻസിസ്കോയുടെ ഭൗതിക ശരീരം വഹിക്കുന്ന പേടകത്തിന് ഒപ്പം സഞ്ചാരത്തിലായിരുന്ന സമയത്താണ് ഈ അതീവ കൗതുകകരമായ നയതന്ത്ര കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിൽ സമീപകാലത്തായി വലിയ വഴക്കായിരുന്നു. പരസ്പരം പരിഹാസവും വിമർശനവും ആയി വാക്കുകൾ കൊണ്ട് അടിയും തിരിച്ചടിയുമായി മുന്നേറുന്നതിന് ഇടയിലാണ് വിചിത്രകൗതുകം ഉളവാക്കിയ ഈ കൂടിക്കാഴ്ച. അതും യുദ്ധം ഒഴിവാക്കണമെന്നും സമാധാനം സംസ്ഥാപിക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടിരുന്ന പാപ്പാ ഫ്രാൻസിസ്കോയുടെ അന്തിമ യാത്ര നടക്കുന്നതിനിടയിലായിരുന്നു ഈ ലളിതസുന്ദര നയതന്ത്ര കൂടിക്കാഴ്ച നടന്നത് എന്നത് ആകസ്മികമോ അത്ഭുതമോ എന്ന് വരും ദിവസങ്ങളിൽ അവരുടെ തുടർ നടപടികൾ കാണുമ്പോൾ അറിയാം.
What did they talk about? The world is waiting to know what they talked about sitting on the steps of St. Peter's Basilica in the Vatican